മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്, ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉൾപ്പെടെ തടങ്കലിൽ

Pavithra Janardhanan February 1, 2021

മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും ഉള്‍പ്പെടെയുള്ള മ്യാൻമറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍. ഇന്ന് പുലർച്ചയോടെയാണ് നടപടി. തിരഞ്ഞെടുപ്പിനു ശേഷം ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് അപ്രതീക്ഷിത നീക്കം. മ്യാൻമറിൽ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറിലെ തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം.സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍‌എല്‍‌ഡി) പാര്‍ട്ടി എളുപ്പത്തില്‍ വിജയിച്ച വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ പരിഹരിക്കണമെന്ന് സൈന്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് വിന്‍ മൈന്റിനൊപ്പം സൂചിയെയും നയ്പിഡാവില്‍ തടങ്കലിലാക്കിയതായി എന്‍‌എല്‍‌ഡിയുടെ വക്താവ് മയോ ന്യുന്ത് പറഞ്ഞു.

Read more about:
EDITORS PICK