കര്‍ഷകസമരം ഇന്ന് രാജ്യവ്യാപകമായി വഴിതടയും

Pavithra Janardhanan February 6, 2021

മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ്‌ അനുകൂല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ഷകസംഘടനകള്‍ ശനിയാഴ്‌ച പകല്‍ 11 മുതല്‍ മൂന്നു‌വരെ രാജ്യവ്യാപകമായി വഴിതടയും. റിപ്പബ്ലിക്‌ ദിനത്തിലെ കിസാന്‍ പരേഡിനു‌ശേഷം കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയാണിത്‌.ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നതിനാല്‍ തലസ്ഥാന നഗരത്തിനുള്ളില്‍ വഴിതടയലുണ്ടാകില്ല. ആംബുലന്‍സ്‌, സ്‌കൂള്‍ ബസ്‌ തുടങ്ങി അവശ്യസര്‍വീസുകള്‍ അനുവദിക്കും. വഴിതടയല്‍ കാരണം‌ വാഹനങ്ങള്‍ നിര്‍ത്തേണ്ടി വരുന്നവര്‍ക്ക്‌ കര്‍ഷകര്‍ വെള്ളവും ഭക്ഷണവും നല്‍കും. മൂന്നുമണിക്ക്‌ ഉപരോധം അവസാനിക്കും- സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

ദേശീയപാതകളും സംസ്ഥാന പാതകളും പഞ്ചായത്ത്‌ റോഡുകളും ഉപരോധിക്കുമെന്ന്‌ കര്‍ഷകസംഘടനകള്‍ അറിയിച്ചു. വഴിതടയല്‍ വിജയിപ്പിക്കാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരത്തിലുള്ള കര്‍ഷകരില്‍ നല്ലൊരു പങ്കും ഗ്രാമങ്ങളിലേക്ക്‌ മടങ്ങി.വഴിതടയല്‍ സമരത്തിന്റെ ഭാഗമായി കേരളത്തില്‍‌ ശനിയാഴ്‌ച പഞ്ചായത്ത്‌ കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. പകല്‍ 11 ന്‌ മുഴുവന്‍ പഞ്ചായത്തുകളിലെയും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ്‌ പ്രതിഷേധ കൂട്ടായ്മ.

Read more about:
EDITORS PICK