ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയം; രക്ഷാപ്രവർത്തനം തുടരുന്നു, 31 മൃതദേഹങ്ങള്‍ കണ്ടെത്തി, 175 പേരെ കുറിച്ച്‌ ഇനിയും വിവരമില്ല

Pavithra Janardhanan February 9, 2021

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഞായറാഴ്‌ച ഉണ്ടായ മിന്നല്‍പ്രളയത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 31 ആയി. അളകനന്ദ നദിയില്‍ നിന്നും ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ദുരന്ത നിവാരണ സേന തുടരുകയാണ്.രാജ്യത്തെ ഏ‌റ്റവും വലിയ രണ്ടാമത്തെ പര്‍വതമായ നന്ദാദേവിയിലെ പര്‍വ്വതശിഖരത്തില്‍ ഒരുഭാഗമാണ് ഞായറാഴ്‌ച പൊടുന്നനെ തകര്‍ന്ന് വെള‌ളവും പാറയും പൊടിയുമടക്കം ഋഷിഗംഗാ നദിയിലേക്ക് പതിച്ചത്. ഇവിടെ ഡാമിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍‌ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടു. കുതിച്ചുവന്ന വെള‌ളത്തില്‍ രണ്ട് പ്രധാന ഡാമുകളും പാലങ്ങളും നിരവധി വീടുകളും തകര്‍ന്നു.

13 ഗ്രാമങ്ങള്‍ ഒ‌റ്റപ്പെട്ടു. 206 പേരെയാണ് കാണാതായതായി തിങ്കളാഴ്‌ച രാത്രി വരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഏറെയും ഡാമിലെ ജോലിക്കാരാണ്. 175 പേരെ കുറിച്ച്‌ ഇനിയും യാതൊരു വിവരമവുമില്ല. എന്‍ടിപിസിയുടെ പ്രൊജക്‌റ്റ് നടക്കുന്നയിടത്തെ 1.7 കിലോമീ‌റ്റര്‍ നീളമുള‌ള ടണലില്‍ 35 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവിടെ ജീവനോടെ ആളുകളെ ലഭിക്കും എന്നാണ് രക്ഷാവിഭാഗത്തിന്റെ പ്രതീക്ഷ. കാണാതായ ഡാംജോലിക്കാരില്‍ ഏറെപേരും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഉള‌ളവരാണ്. തൊഴിലാളികള്‍ക്കൊപ്പം 12 ഗ്രാമവാസികളെയും രണ്ട് പൊലീസുകാരെയും കാണാതായിട്ടുണ്ട്.

Tags:
Read more about:
EDITORS PICK