ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനം ഫാസ്ടാഗ് ഇന്ന് അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാക്കുമെന്നും ഫാസ്ടാഗ് എടുക്കാനുള്ള സമയം ഇനിയും നീട്ടി നല്‍കില്ലെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടിവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ടോള്‍ പ്ലാസകളില്‍ 2021 ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനം. പിന്നീട് ഇത് ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്ബോള്‍ ആര്‍എഫ്ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.