പ്രണയ ബന്ധത്തെ എതിർത്ത യുവാവിനെ യുവതിയും കാമുകനും കൊലപ്പെടുത്തി

Pavithra Janardhanan March 24, 2021

പ്രണയ ബന്ധത്തെ എതിർത്ത ഭർത്താവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തി.കുളപ്പട മുണ്ടിയോട് ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആനാട് സ്വദേശിയായ അരുണ്‍(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ അഞ്ജു(26), കാമുകനും അരുണിന്റെ സുഹൃത്തുമായ ശ്രീജു(30) എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.അതേസമയം അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും ശ്രീജുവും മൊഴി നല്‍കിയത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: പത്തുവര്‍ഷം മുന്‍പ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ അഞ്ജുവും അരുണും പ്രണയത്തിലായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും വിവാഹിതരായി.അതോടെ അഞ്ജുവിനെ വീട്ടുകാര്‍ പുറത്താക്കി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച്‌ താമസം തുടങ്ങി. നാലുവര്‍ഷത്തിന് മുമ്ബ് അഞ്ജു അരുണിന്റെ കൂട്ടുകാരനായ ശ്രീജുവുമായി അടുപ്പത്തിലായി. ഇക്കാര്യം അരുണ്‍ അറിഞ്ഞതോടെ വീട്ടില്‍ പ്രശ്നങ്ങളായി. അരുണും അഞ്ജുവുമായി മാനസികമായി അകന്നു.

തുടര്‍ന്ന് ഇരുവരും കുളപ്പടയിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ ഇവിടെയും ശ്രീജു രഹസ്യമായി എത്തുന്നുണ്ടായിരുന്നു. ഒരുമിച്ച്‌ ജീവിക്കാന്‍ അഞ്ജുവും ശ്രീജുവും തീരുമാനിച്ചിരുന്നു. ഇക്കാര്യം അരുണ്‍ അറിഞ്ഞതോടെ വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങി. ഇതോടെ അരുണിനെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. അഞ്ജുവുമായുള്ള ശ്രീജുവിന്റെ അടുപ്പം അറിഞ്ഞതോടെ അയാളുടെ ഭാര്യയും പിണങ്ങിപ്പോയിരുന്നു.ഇന്നലെ വൈകുന്നേരത്തോടെ ശ്രീജു അഞ്ജുവിനെ കാണാന്‍ എത്തി. ഈ സമയം അരുണും അവിടെ എത്തി. ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറഞ്ഞ് ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും കുത്തിക്കൊല്ലുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും ചേര്‍ന്ന് അരുണിനെ വിളിച്ചുവരുത്തുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

Read more about:
EDITORS PICK