മയക്കുമരുന്നുമായി മലപ്പുറത്ത് യുവാക്കള്‍ പിടിയില്‍

Pavithra Janardhanan March 25, 2021

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് എം ഡി എം എയുമായി രണ്ടു പേരെ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ പോലീസ് പിടികൂടി. പൂക്കോട്ടുംപാടം വലമ്ബുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26),മൂത്തേടം പാലാങ്കര വടക്കേകൈ ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ വെച്ച്‌ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തത്.

പിടി വീഴുമെന്ന് ഉറപ്പായപ്പോള്‍ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ദേഹത്ത് സ്വയം പരിക്കേല്‍പ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് 71.5 ഗ്രാം എം ഡി എം എ യും , 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയും പോലീസ് പിടിച്ചെടുത്തു. വിപണിയില്‍ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം ഡി എം എ ബാംഗ്ലൂരില്‍ നിന്ന് കാര്‍ മാര്‍ഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാള്‍ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു ഉണ്ടായത്. സ്വര്‍ണം കടത്തിയതിനും പോലീസിനെ ആക്രമിച്ച്‌ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. നേരത്തെ ബലാത്സംഗത്തിനും അടിപിടിക്കും കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് നിലമ്ബൂര്‍ പോലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസ്സുകള്‍ നിലവിലുണ്ട്.

Read more about:
EDITORS PICK