സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ ചലിച്ചു തുടങ്ങി; തടസ്സം നീങ്ങുന്നു

Pavithra Janardhanan March 29, 2021

സൂയസ് കനാലില്‍ കുറുകെ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ ‘എവര്‍ഗിവൺ ‘ നീക്കുന്നതിനായി കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന ശ്രമങ്ങളിൽ ഇപ്പോള്‍ പുരോഗതി ഉള്ളതായി റിപ്പോർട്ടുകൾ.കപ്പലിന്‍റെ മുന്‍, പിന്‍ ഭാഗങ്ങള്‍ നാലു മീറ്റര്‍ ചലിച്ചതായി സൂയസ് കനാല്‍ അതോറിറ്റി ചെയര്‍മാന്‍ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  കനാലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ നീങ്ങിത്തുടങ്ങിയാല്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന 300 ഓളം കപ്പലുകള്‍ക്ക് യാത്ര തുടരാനാവും. കപ്പലിന്റെ മുന്‍ ഭാഗത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കിലും കപ്പലിന് മറ്റ് കുഴപ്പങ്ങളില്ല.

പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയാണ് കപ്പലിന്റെ തടസ്സം നീങ്ങിത്തുടങ്ങിയത്.കുടുങ്ങിക്കിടക്കുന്ന കപ്പലിന്റെ തടസ്സം നീക്കാനായി 27000 ക്യുബിക് മീറ്റര്‍ മണലാണ് ഈ ദിവസത്തിനുള്ളില്‍ കപ്പലിനു അരികില്‍ നിന്നായി മാറ്റിയത്. സൂയസ് കനാലിന് കുറുകെ കുടുങ്ങുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ഗിവൺ.പൗരസ്​ത്യ ലോകവും പാശ്​ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയാണ്​ സൂയസ്​ കനാല്‍. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പല്‍ പാതകളി​ലൊന്നായ സൂയസ്​ കനാല്‍ വഴി പ്രതിദിനം 960 കോടി ഡോളര്‍ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക്​ കടത്തുന്നുവെന്നാണ്​ കണക്കുകൂട്ടല്‍.

Tags:
Read more about:
EDITORS PICK