മലപ്പുറത്ത് 89 കാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകളും അറസ്റ്റില്‍

Pavithra Janardhanan April 2, 2021

വൃദ്ധ പിതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. മലപ്പുറത്ത് നിലമ്പൂരിലാണ് അച്ഛനോട് മകന്റെയും മരുമകളുടെയും ക്രൂരത. കിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് ആണ് രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) മര്‍ദനമേറ്റത്.സംഭവത്തിൽ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്ക്ക് കഴിയുക ആണ്. നൈനാനും മകനും തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. 2 പേര്‍ക്കുംകൂടി ഒരു കിണറാണുള്ളത്. മോട്ടര്‍ ഉപയോഗിച്ചു വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ നൈനാന്‍ പൈപ്പ് തിരിച്ചപ്പോള്‍ ചോദ്യം ചെയ്യുകയും വടി കൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയും ചെയ്തെന്നാണ് പരാതി.
ദേഹമാസകലം പരുക്കുകളോടെ അയല്‍വാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഏഴു മക്കളാണ് നൈനാന്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ചെറിയാന്‍, സൂസമ്മ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Read more about:
EDITORS PICK