എല്ലാം കൈവിട്ടതോടെ ഡല്‍ഹി അടച്ചിടുന്നു; സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവിദഗ്ധര്‍; ഓക്‌സിജന്‍ ക്ഷാമവും രൂക്ഷം

Pavithra Janardhanan April 19, 2021

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ കേസുകളുടെ എണ്ണം 2,73,810 ആയി. കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്. 1619 പേര്‍ മരണമടയുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് പിടികൂടിയവരുടെ എണ്ണം ഒന്നരക്കോടിയായി. 1.78 ലക്ഷമാണ് മരണം.കോവിഡ് അതിരൂക്ഷമായി ഉയര്‍ന്നിരിക്കുന്ന 12 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ വിതരണം കൂട്ടിയിട്ടുണ്ട്. ഓക്സിജന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ഹരിത കോറിഡോറുകള്‍ വഴി ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ പദ്ധതിയിടുകയാണ് റെയില്‍വേ. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതിരൂക്ഷമാണ്. കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞിരിക്കുന്നത്. അതേസമയം ലോക്ഡൗണ്‍ വേണ്ടി വരില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ 68,631 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ 25,462, കര്‍ണാടകയില്‍ 19,067 എന്നതാണ് സ്ഥിതി. അതേസമയം ബംഗലുരുവില്‍ 12,793 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബീഹാര്‍, രാജസ്ഥാന്‍, തമിഴ്നാട്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. രാത്രി 9 മണി മുതല്‍ വൈകിട്ട് 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മാളുകള്‍, സ്‌കൂളുകള്‍, സിനിമാശാലകള്‍ ദേവാലയങ്ങള്‍ എന്നിവിടങ്ങള്‍ മെയ് 15 വരെ ബീഹാറില്‍ അടച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ നാലു മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവയും അടച്ചിരിക്കുയാണ്. രാജസ്ഥാനില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ രാത്രി 7 മണി മുതല്‍ പുലര്‍ച്ചെ 5 മണിവെരയാണ് കര്‍ഫ്യൂ. ജനക്കൂട്ടം പങ്കെടുക്കുന്ന എല്ലാ പരിപാടികളും നിര്‍ത്തി വെച്ചിട്ടുണ്ട്. ഡല്‍ഹി ഓക്സിജന്റെ അഭാവവും നേരിടുന്നുണ്ട്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ വിതരണം വേണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. ലോകത്തുടനീളമായി കോവിഡ് കേസുകള്‍ 14 കോടിയായി. 30 ലക്ഷം പേരാണ് രോഗബാധിതരായി മരണമടഞ്ഞത്.

അതിനിടെ രാജ്യത്ത് മൂന്നുലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ സജ്ജീകരിക്കുമെന്ന് റെയില്‍വേ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ക്ക് വേഗത്തിലും കൂടിയ അളവിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നീക്കം.ഓക്‌സിജന്‍ എക്‌സ്പ്രസുകളുടെ യാത്ര സുഗമമാക്കുന്നതിന് ഗ്രീന്‍ കോറിഡോറുകള്‍ (എതുസമയത്തും കടന്നുപോകാവുന്ന ട്രാക്കുകള്‍) സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും (എല്‍എംഒ) ഓക്‌സിജന്‍ സിലിണ്ടറുകളുമാണ് ട്രെയിനുകളിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുക.

 

Read more about:
EDITORS PICK