മൂത്തമകളുടെ പ്രണയത്തിന് ഇളയമകളെയടക്കം കൊന്ന്, ആത്മഹത്യ ചെയ്ത് പിതാവ്

Pavithra Janardhanan April 19, 2021

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സദാചാരകൊല. മകനെയോ മകളെയോ അല്ലേല്‍ അവരുടെ കാമുകി, കാമുകനേയോ കൊല്ലുന്നതിന് പകരം മുബൈയില്‍ നടന്നത് വിചിത്രമായ സംഭവമാണ്. മൂത്തമകളുടെ പ്രണയത്തിന് കൂട്ടുനിന്ന ഇളയമകളേയും മൂത്തമകളെയും ട്രക്ക് കയറ്റിക്കൊന്ന ശേഷം അതേ ട്രക്കിന് മുന്നില്‍ കയറി നിന്ന് പിതാവ് ആത്മഹത്യ ചെയ്ത വിചിത്ര സംഭവമാണ്. മഹാരാഷ്ട്രയില്‍ പൂനയിലെ മാവല്‍ താലൂക്കിലെ ഇന്ദൂരി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 18കാരിയായ നന്ദിനി, 14 കാരി വൈഷ്ണവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് ട്രക്ക് ഡ്രൈവറായ 40 കാരന്‍ ഭരത് ബരാട്ടെ ആത്മഹത്യ ചെയ്തു.

ഞെട്ടിക്കുന്ന സംഭവത്തില്‍ ഭാര്യയും ഇളയ മകളും രക്ഷപ്പെട്ടു. പെണ്‍മക്കളോടും ഭാര്യയോടും നിലത്തുകിടക്കാന്‍ ആവശ്യപ്പെട്ട ശേഷം ഭരത് ട്രക്ക് വേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ഇളയമകള്‍ ഭയന്ന് ഇറങ്ങിയോടിയതിനാലും മകളെ പിടിക്കാന്‍ ഭാര്യ പിന്നാലെ ഓടിയതിനാലും ഇവര്‍ മാത്രം കൊല്ലപ്പെട്ടില്ല. ആക്‌സിലേറ്റര്‍ കൂട്ടിയിട്ട ശേഷം ട്രക്കിന് മുന്നിലേക്ക് ചാടിയാണ് ഭരത് ആത്മഹത്യ ചെയ്തത്. മുന്നോട്ട് ഓടിയ ട്രക്ക് മതിലിലും തെരുവുവിളക്കിലും ഇടിച്ചു നിന്നു. ഭരതിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

മൂത്തമകള്‍ നന്ദിനി പ്രണയത്തിലായതാണ് ഭരതിനെ പ്രകോപിപ്പിച്ചത്. നന്ദിനി കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഇയാള്‍ ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. നന്ദിനിയുടെ പ്രേമത്തിന് ഇളയ മകള്‍ വൈഷ്ണവി സഹായിയായി പ്രവര്‍ത്തിച്ചതാണ് ഇളയമകളെയും ലോറിക്ക് ഇരയാക്കിയത്. ആത്മഹത്യാകുറിപ്പില്‍ ഭാര്യയെ കൊണ്ടും ഭരത് ഒപ്പുവെച്ചിട്ടുണ്ട്. ബന്ധുക്കളോട് എല്ലാം ക്ഷമ ചോദിച്ചിട്ടുമുണ്ട്. തങ്ങളുടെ സ്വത്തുക്കളെ കുറിച്ചുളള വിവരങ്ങളും കുറിപ്പില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഇന്ദൂരി ഗ്രാമം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Read more about:
EDITORS PICK