മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ സനുമോഹനന്റെ തെളിവെടുപ്പ് തുടരുന്നു; ഭാര്യയേയും കൂടെയിരുത്തി ചോദ്യം ചെയ്യും

Pavithra Janardhanan April 20, 2021

കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്. ഇതിനുശേഷം മുട്ടാര്‍ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തും. മകള്‍ വൈഗയെ ഫ്ളാറ്റില്‍വെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാല്‍ ഫ്ളാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്. മാത്രമല്ല, ഫ്ളാറ്റില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇത് സനുവിന്റെതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതോടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ. സനു ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും കേസില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സനു പറഞ്ഞതൊന്നും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ സനുമോഹനെ പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ കാലയളവില്‍ പ്രാഥമിക തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലും നടത്തി കേസിലെ ദുരൂഹതകള്‍ നീക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ

 

Read more about:
EDITORS PICK