മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നു

Pavithra Janardhanan May 1, 2021

മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നു. കഴിഞ്ഞ മാർച്ചിൽ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായി മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.പട്ടി, നീര്‍നായ, കുറുക്കന്‍ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവിഡ്19 പ്രതിരോധിക്കാനുള്ള ആന്റിബോഡി സൃഷ്ടിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.റഷ്യയുടെ പലപ്രദേശങ്ങളിലും വിതരണംചെയ്യാന്‍ വാക്‌സിന്‍ തയ്യാറെടുത്തുകഴിഞ്ഞു. ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് മുന്നോട്ടുവന്നിട്ടുണ്ടെന്നും റഷ്യ അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് കോവിഡ് പടരുന്നതിന്ന് സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും റഷ്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.

വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിന്നും വൈറസിന്റെ മ്യൂട്ടേഷന്‍ തടയുന്നതിന്നും വാക്‌സിന്‍ സഹായകരമാകുമെന്ന് റഷ്യന്‍ മരുന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.മരുന്നിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ യൂറോപ്യന്‍ യൂണിയനില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മരുന്നു നിര്‍മ്മാതാക്കള്‍ അറിയിച്ചു.പലരാജ്യങ്ങളില്‍ നിന്നുമുള്ള ഇരുപതോളം സംഘടനകള്‍ മൃഗങ്ങള്‍ക്കുവേണ്ടിയുള്ള കോവിഡ് വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും മരുന്നുനിര്‍മ്മാതാക്കള്‍ പറഞ്ഞു.

Read more about:
EDITORS PICK