മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

Pavithra Janardhanan May 3, 2021

കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച്‌ എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്തെത്തി.

1964 ല്‍ കെ.എം.ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കി കോണ്‍ഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളില്‍ ഒരാളായി. ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു.

1976-ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളരുകയും 1977-ല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് എല്‍.ഡി.എഫിനൊപ്പ(1977-1982)വും യു.ഡി.എഫിനൊ(1982-2015)പ്പവും പ്രവര്‍ത്തിച്ചു. നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് ബി.വിവാദച്ചുഴികള്‍ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് ആര്‍. ബാലകൃഷ്ണപിള്ള. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയില്‍ മുഖം കാണിക്കുന്നത്.കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി.1980ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കെ.എ. ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ ‘വെടിക്കെട്ടി’ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. ‘വെടിക്കെട്ടി’ല്‍ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീടും സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കാനായിരുന്നു പിള്ളയുടെ തീരുമാനം

Read more about:
RELATED POSTS
EDITORS PICK