ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്കല്‍ ഹസ്സിയും കൊവിഡ് പോസിറ്റീവ്

Pavithra Janardhanan May 5, 2021

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകനും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ മൈക്കല്‍ ഹസ്സിയും കൊവിഡ് പോസിറ്റീവ്. നേരത്തെ ചെന്നൈയുടെ ബൗളിങ് കോച്ച്‌ എല്‍ ബാലാജിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹസ്സിയും പോസിറ്റീവ് ആയത്. ചൊവ്വാഴ്ച്ചയാണ് ഹസ്സിയുടെ പരിശോധനാഫലം വന്നത്. വീണ്ടും പരിശോധനയ്ക്ക് അയച്ചെങ്കിലും റിസള്‍ട്ട് പോസിറ്റീവ് തന്നെ ആയിരുന്നു എന്ന് ഐ പി എല്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി ആയ പി ടി ഐയോട് പ്രതികരിച്ചു.

ഐ പി എല്ലില്‍ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ആദ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ബാലാജി പോസിറ്റീവ് ആയി. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയും ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയും കോവിഡ് പോസിറ്റീവ് ആയി. ഇതോടെ ഐ പി എല്‍ നിര്‍ത്തിവെച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.അതേസമയം ഐപിഎല്‍ നിര്‍ത്തിവെച്ചതിനെ സ്വാഗതം ചെയ്ത് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ കൊവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താന്‍ രണ്ടാഴ്ച മുമ്ബെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുന്നു, ഇത് ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഐപിഎല്‍ നിര്‍ത്തിവെക്കണമെന്നും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മനുഷ്യ ജീവനേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും-പുതിയ വീഡിയോ പങ്കുവെച്ച്‌ അക്തര്‍ ട്വീറ്റ് ചെയ്തു.

Tags:
Read more about:
EDITORS PICK