തമിഴ്‌നാട്ടില്‍ മറ്റന്നാള്‍ മുതല്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍

Pavithra Janardhanan May 8, 2021

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടില്‍ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ 24 വരെ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കും.ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.ഇന്നലെ നടന്ന സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്റ്റാലിന്‍ സംസ്ഥാനത്ത് എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ലോക്ക്‌ഡൗണ്‍.

സംസ്ഥാനത്തെ മദ്യശാലകളും അടച്ചിടും. എന്നാല്‍ ഹോട്ടലുകളില്‍ ടേക്ക് എവേ സംവിധാനമുണ്ടാകും.അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ മാത്രമേ അനുവദിക്കുകയുളളൂ.രാജ്യത്ത് തമിഴ്‌നാട് ഉള്‍പ്പടെ പതിനൊന്ന് സംസ്ഥാനങ്ങളാണ് അടച്ചിടലിലേക്ക് കടന്നിരിക്കുന്നത്. കേരളം, ഡല്‍ഹി, ഹരിയാന ,ബിഹാര്‍ , യു പി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ജാര്‍ഖണ്ഡ് , ഛത്തീസ്‌ഗഢ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

Read more about:
EDITORS PICK