കൊവിഡ് മുക്ത മേഖലയൊരുക്കാൻ കോഴിക്കോട്, തുടക്കം എലത്തൂർ മേഖലയിൽ

Pavithra Janardhanan May 10, 2021
കോവിഡിനെ പിടിച്ചുകെട്ടാൻ കോഴിക്കോട് കോർപ്പറേഷൻ കൊവിഡ് മുക്ത മേഖല പദ്ധതി തുടങ്ങി. എലത്തൂർ മേഖലയിലാണ് പദ്ധതി ആദ്യം തുടങ്ങുക. എലത്തൂർ മേഖല ഉൾപ്പെടുന്ന ചെട്ടികുളം, പുതിയാപ്പ,എരഞ്ഞിക്കൽ, മൊകവൂർ പ്രദേശങ്ങലാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക.
ആർ.ആർ.ടി, ആശാവർക്കർമാർ എന്നിവരുടെ പ്രവർത്തനം കൂടുതൽ താഴെ തട്ടിലേക്ക് ക്രമീകരിക്കുന്നതാണ് പദ്ധതി. റൂം ക്വാറൻ്റൈൻ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. വീടുകളിൽ റൂം ക്വാറൻ്റൈൻ സൗകര്യം ഇല്ലാത്തവരെ കണ്ടെത്തി ഇവരെ ഡോമിസിലയറി കോവിഡ് കെയർ സെൻ്ററുകളിലേക്ക് മാറ്റും. ഇതിനായി ഈ മേഖലകളിൽ ഉടൻ ഇത്തരം കേന്ദ്രങ്ങൾ ഒരുക്കും.
വാർഡുകളെ 50 വീടുകളുള്ള യൂണിറ്റുകൾ ആക്കി നിരീക്ഷണം ഓരോ വീടുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ഏകോപനത്തിനായി കോർപ്പറേഷൻ്റെ സോണൽ ഓഫീസിൽ കൺട്രോൾ റൂം തുറക്കും. പൊതു ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പ്രധാന പരിപാടികൾ വീടുകൾതോറും നടത്താനുള്ള സംവിധാനവും ഈ മേഖലയിൽ ഒരുക്കും.
പത്തുദിവസത്തിനുള്ളിൽ ഈ മേഖലയിൽ കോവിഡ് നിരക്ക് കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കും. പദ്ധതി ഫലപ്രദമായാൽ മറ്റ് ‘മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Read more about:
EDITORS PICK