എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

Pavithra Janardhanan May 11, 2021

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു.81 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.രാവിലെ 9.35നായിരുന്നു മരണം.

1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ്‌ ഗുരുക്കന്മാര്‍.

മാടമ്പിന്റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേർ ചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങളായിരുന്നു. 2000 ല്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക് ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭ്രഷ്ട്, അശ്വത്ഥാമാ, കരുണം, ഗൗരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്‌. പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍ .

Read more about:
EDITORS PICK