ഗൗ​രി​യ​മ്മ കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗമെന്ന് വി എസ്, ഓര്‍മയായത് രാഷ്ട്രീയ മണ്ഡലത്തിലെ ജ്വലിക്കുന്ന താരമെന്ന് കാനം, കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരിയെന്ന് രമേശ് ചെന്നിത്തല

Pavithra Janardhanan May 11, 2021

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ.കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.

കേരള സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ് കെ ആര്‍ ഗൗരിയമ്മയെന്നും രാഷ്ട്രീയമണ്ഡലത്തില്‍ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും വിയോഗത്തിൽ സി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.കേരളത്തിലെ കമ്മ്യൂണിസ്റ്റുകളില്‍ പ്രമുഖയായിരുന്നു ഗൗരിയമ്മ.

നമ്മുടെ കേരള രാഷ്ട്രീയത്തില്‍ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്ത നേതാവായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കള്‍ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കള്‍ ചുരുക്കമാണ് എന്നും കാനം പറഞ്ഞു.

കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുശോചിച്ച്‌ ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ വിഎന്‍ വാസവന്‍.ഭരണം ഒരു കലയാണന്ന് കേരളീയ സമൂഹത്തിന് മനസിലാക്കി തന്ന മികച്ച ഭരണധികാരിയാണ് ഗൗരി അമ്മ.നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത , ചാഞ്ചാട്ടങ്ങള്‍ക്ക് തയ്യാറാകാത്ത , ആര്‍ക്കും കീഴടങ്ങില്ല, എന്തുവന്നാലും കരയില്ല, തളരുകയുമില്ല എന്ന് തെളിയിച്ച പോരാളിയാളി അവര്‍ എന്നും ഫേസ്ബുക്കില്‍ പങ്കിട്ട നീണ്ട കുറിപ്പില്‍ വിഎന്‍ വാസന്‍ എഴുതി.

രാഷ്ട്രീയത്തിലേക്ക് ആദ്യമായി തന്നെ സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിലാണ് ഇരുവരും തമ്മില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയെ കുറിച്ച്‌ ബാലചന്ദ്ര മേനോന്‍ പറഞ്ഞത്. ‘നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തില്‍ കൂടുന്നോ ? ‘ ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്’, -ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ ! യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്ബോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട് ..

‘നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തില്‍ കൂടുന്നോ ? ‘
ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ….അതില്‍ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ ‘പച്ചപ്പ് ‘ ആകര്‍ഷകമായി തോന്നിയില്ല എന്ന്
മാത്രം …. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ ..!

കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരിയാണ് കെ ആര്‍ ഗൗരിയമ്മയുടെ മരണത്തോടെ ഇല്ലാതായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൗരിയമ്മ നയിച്ചത് ഇതിഹാസജീവിതമായിരുന്നു. മന്ത്രിയായിരിക്കെ കാര്‍ഷിക രംഗത്തും ഭൂപരിഷ്‌കരണ മേഖലയിലും ഗൗരിയമ്മ നല്‍കിയ സംഭാവന കേരളം എന്നും ഓര്‍ത്തിരിക്കും. ഉയര്‍ന്ന ജീവിതപശ്ചാത്തലവും നിയമപണ്ഡിത്യവും കൈമുതലായുള്ള ഗൗരിയമ്മ നാടിനും സാധാരണക്കാര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. കൊടിയപീഡനം ഏറ്റുവാങ്ങുമ്ബോഴും നിലപാടുകളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോയില്ല.

ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായായിരുന്നു. ഗൗരിയമ്മയുടെ ഭരണപാടവം ഭരണകര്‍ത്താക്കള്‍ക്ക് പാഠപുസ്തകമാണെന്നും ചെന്നിത്തല പറഞ്ഞു. മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഈ വിപ്ലവനക്ഷത്രം കേരളത്തിന്റെ ആകാശത്തില്‍ തിളങ്ങികൊണ്ടേയിരിക്കും. ഗൗരിയമ്മക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ എന്ന് കെ ശൈലജ ടീച്ചർ .കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളിൽ ജീവിക്കുമെന്നും പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവർത്തകർ ഈ ജീവിതം മാതൃകയാക്കണമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശൈലജ ടീച്ചർ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പ്
കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ
കുഞ്ഞുനാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ അക്രമണങ്ങൾക്കൊന്നും ആ ധീര വനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിൻ്റെ പ്രഥമ മന്ത്രിസഭയിൽ അംഗമാവാൻ അവസരം ലഭിച്ചതു മുതൽ മാറ്റങ്ങൾക്ക് വേണ്ടി ഇടപെടാൻ അവർ ശ്രമിച്ചു. ഭൂപരിഷ്കരണ നിയമമാക്കാനും ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാനും കാരണമായ ഒട്ടേറെ നിയമനടപടികൾക്ക് നേതൃത്വം നൽകാൻ അവർ തയ്യാറായി. ശരിയായ തീരുമാനം എടുക്കാനും എതിർപ്പുകളെ തൃണവൽക്കരിച്ച് അത് നടപ്പാക്കാനുള്ള ആർജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയർത്തുന്നത്. ഗൗരിയമ്മ പകരം വെക്കാനാവാത്ത വിധത്തിലുള്ള നേതൃത്വ പദവി കരസ്ഥമാക്കിയ നേതാവാണ്.
കഴിഞ്ഞ നിയമസഭയിൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. അന്ന് എനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകൾ അന്നുതന്നെ തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവർത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകൾ വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയത്. കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളിൽ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവർത്തകർ ഈ ജീവിതം മാതൃകയാക്കണം.

Read more about:
EDITORS PICK