ഗൗരിയമ്മയുടെ വിയോഗവാര്‍ത്തകള്‍ക്കിടയില്‍ വൈറലായി ഒരു കല്യാണക്കത്ത്

Pavithra Janardhanan May 11, 2021

മലയാളിക്കെന്നും പ്രിയപ്പെട്ടതായിരുന്നു ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പ്രണയവും വിവാഹവുമൊക്കെ. കാലങ്ങള്‍ക്കിപ്പുറം ഗൗരിയമ്മയുടെ വിയോഗ വാര്‍ത്തകള്‍ക്കിടയിലും വൈറലാകുകയാണ് ഒരു പഴയ കല്ല്യാണക്കത്ത്.

‘ഞാനും സഖാവ് കെ ആര്‍ ഗൗരിയും തമ്മിലുള്ള വിവാഹം 1957 മെയ് മാസം 30ാം തീയ്യതി വൈകുന്നേരം 4 മണിക്ക് വധുവിന്റെ തിരുവനന്തപുരത്തെ വസതിയായ സാനഡുവില്‍ വച്ച്‌ നടക്കുകയാണ്.തദ്ദവസരത്തില്‍ താങ്കള്‍ സന്നിഹിതനായി ഞങ്ങളെ അനുഗ്രഹിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്ന് വിധേയന്‍ ടി വി തോമസ്. ഉപചാരവപൂര്‍വ്വം കെ ആര്‍ ഗൗരി,എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്നാണ് കത്തിന്റെ ഉള്ളടക്കം.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഗൗരി അമ്മ ടിവി തോമസ് പ്രണയവും ദാമ്ബത്യവും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്ബോഴാണ് ഇരുവരുടേയും പ്രണയം മുറുകിയതെന്ന് ഗൗരി അമ്മ തന്നെ ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരനായകനായ ടി.വി. തോമസിനെ കെ.ആര്‍. ഗൗരി ആദ്യമായി കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു.

1957-ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നല്‍കി. സാനഡുവില്‍ ഗൗരിയും റോസ് ഹൗസില്‍ ടി.വി.യും. ഇരുവീടിനുമിടയില്‍ ഒരു ചെറുവഴിയും. പ്രണയം മൂത്തതറിഞ്ഞ് പാര്‍ട്ടി മുന്‍കൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍വെച്ച്‌ വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റില്‍ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരു കാറില്‍ ഒരുവീട്ടിലേക്ക്.

പലതരത്തില്‍, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളര്‍പ്പില്ലാതെ തുടര്‍ന്നു. 1964-ല്‍ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാര്‍ട്ടിയിലായി. 1967-ല്‍ രണ്ടുപാര്‍ട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയില്‍ ചേരാന്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്. പക്ഷേ, സിപിഐ-സിപിഎം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളല്‍ വര്‍ധിച്ചു. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ അകല്‍ച്ച പൂര്‍ണമായി. പക്ഷേ, ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തിന്റെ കിളിവാതില്‍ ഒരിക്കലും അടഞ്ഞില്ല.

 

Read more about:
EDITORS PICK