ഗാസയില്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍

Pavithra Janardhanan May 12, 2021

പലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രയേല്‍. ഗാസ മുനമ്ബിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയമായ ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് പലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.തിങ്കളാഴ്ച രാവിലെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ പലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

യുദ്ധ സാഹചര്യം വര്‍ദ്ധിച്ചതോടെ രാജ്യത്തിനകത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി പ്രധാനമന്ത്രി ബന്യമിന്‍ നെതന്യാഹു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അറബ് വംശജര്‍ അധികമായി വസിക്കുന്ന ലോഡ് പ്രവിശ്യയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്..

അതേസമയം പലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരവേ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നല്‍കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പലസ്തീനികളും ഇസ്രായേലികളും തുല്യ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ നടപടിയെ അപലപിച്ചു. ‘ വ്യോമാക്രണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവര്‍ത്തനമാണ്. പലസ്തീനികള്‍ സംരക്ഷണം അര്‍ഹിക്കുന്നു’. യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ ട്വിറ്ററില്‍ കുറിച്ചു. ഇസ്രായേലുകള്‍ക്കെതിരെ യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളില്‍ നിന്ന് ശക്തമായ ആരോപണമാണ് ഉയരുന്നത്.

Read more about:
EDITORS PICK