ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ ആശങ്കയേറ്റുന്നത് ഒരു വകഭേദം മാത്രമെന്ന് ലോകാരോഗ്യ സംഘടന

Pavithra Janardhanan June 2, 2021

ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ ആശങ്കയേറ്റുന്നത് ഒരു വകഭേദം മാത്രമെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ഡബ്ള്യു എച്ച്‌ ഒ വിലയിരുത്തുന്നത്.രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ ‘ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റെ’ന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്.

ഈ വകഭേദം അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎന്‍ ആരോഗ്യ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു വകഭേദം മാത്രമാണ് അപകടകാരിയെന്നാണ് യുഎന്‍ ഏജന്‍സി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.നിലവിലെ സങ്കീര്‍ണത ബി.1.617.2മായി ബന്ധപ്പെട്ടുളളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, മറ്റ് വകഭേദങ്ങള്‍ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും’ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി . ബി.1.617.2 വേഗത്തില്‍ പകരാവുന്നതും മാരകവും, പ്രതിരോധ വാക് സിന്‍റെ സുരക്ഷിതത്വം മറികടക്കാന്‍ കഴിവുളളതുമാണ്.ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതല്‍ രോഗികളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍, വൈറസിന്റെ വര്‍ധിച്ച വ്യാപന ശേഷി എന്നിവ തങ്ങള്‍ നിരീക്ഷിക്കുന്നത് തുടര്‍ന്നുവരികയാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

ഈ വകഭേദത്തിന്റെ വ്യാപനത്തെ കുറിച്ചുളള കൂടുതല്‍ പഠനങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് ലോകാരോഗ്യ സംഘടന നോക്കി കാണുന്നത് . വിയറ്റ്നാം ആരോഗ്യ അധികൃതര്‍ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ‘ഡെല്‍റ്റ’യുടെ വകഭേദമാണെന്നാണ്‌ നിഗമനം .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.) തിങ്കളാഴ്ച നാമകരണം ചെയ്തു . ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചത്. ഒക്ടോബറില്‍ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങള്‍ക്ക് ഡെല്‍റ്റയെന്നും കാപ്പയെന്നുമാണ് പേരു നല്‍കിയത്. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആ രാജ്യത്തിന് കളങ്കമാകാന്‍ പാടില്ലെന്ന് ഡബ്ല്യു.എച്ച്‌.ഒ. കോവിഡ് സാങ്കേതികവിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് ട്വിറ്ററില്‍ കുറിച്ചു. അതെ സമയം ‘ഇന്ത്യന്‍ വകഭേദം’ എന്ന പ്രയോഗത്തെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Read more about:
EDITORS PICK