ഉള്ളി അമിതമായി കഴിച്ചാല്‍

Pavithra Janardhanan June 3, 2021

ഭക്ഷണത്തിന് രുചി ഉണ്ടാകണമെങ്കില്‍ ഉള്ളി വേണമെന്ന് നിര്‍ബന്ധമാണ്. ഉള്ളി ഇല്ലാതെ എന്തെങ്കിലും ഒരു ഭക്ഷണസാധനത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കൂടി വയ്യ.എന്നാല്‍, ഈ ഉള്ളിപ്രേമം നല്ലതാണെങ്കിലും പതിവായി ഉള്ളി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര സുഖമുള്ള കാര്യമല്ല. ഒരുപാട് പോഷകഗുണങ്ങള്‍ ഉള്ളിക്കുണ്ട്. അമിതമായാല്‍ അമൃതം വിഷമാണെന്നാണല്ലോ. അതുപോലെ തന്നെയാണ് ഉള്ളിയുടെ കാര്യത്തിലും. ഉള്ളി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വെളുത്തുള്ളി, ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള എന്നിങ്ങനെ ഉള്ളിയില്‍ തന്നെ നിരവധി വ്യത്യസ്തതകളുണ്ട്.വിറ്റാമിന്‍ സി, സള്‍ഫര്‍ സംയുക്തം, ഫൈറ്റോകെമിക്കല്‍സ്, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ് ഉള്ളി. നമ്മുടെ പ്രതിരോധശക്തിയെ നിയന്ത്രിക്കാന്‍ ഇതിന് ശേഷിയുണ്ട്. കൂടാതെ കൊളാജന്‍ ഉല്പാദനം, ടിഷ്യൂ നന്നാക്കല്‍ എന്നിവയെ നിയന്ത്രിക്കാനും കഴിയും. കോളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉള്ളി സഹായിക്കും. ഉള്ളിയുടെ ഗുണഗണങ്ങള്‍ കേട്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലല്ലോ എന്ന് പറയാന്‍ വരട്ടെ. ഉള്ളി അമിതമായി കഴിച്ചാല്‍ ചില കുഴപ്പങ്ങളുണ്ട്.ഉള്ളി അമിതമായി കഴിച്ചാല്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ പറയുന്നയാണ്. ഉള്ളിയില്‍ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലാണ്. ഇത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും.

ചില ആളുകള്‍ക്ക് ഇത് ത്വക്കില്‍ അസ്വസ്ഥതയുണ്ടാക്കും. ധാരാളം ഉള്ളി കഴിക്കുന്നത് ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു.ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്‌, ഉള്ളിയോട് അലര്‍ജിയുള്ളവര്‍ക്ക് കണ്ണില്‍ ചൊറിച്ചിലും ചുവപ്പും അനുഭവപ്പെടാം. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം (ജി‌ആര്‍‌ഡി) ഉള്ളവര്‍ ഈ പച്ചക്കറി ഒഴിവാക്കണമെന്നാണ്. കാരണം ഇത് നെഞ്ചെരിച്ചില്‍ സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അമിതമായി ഉള്ളി കഴിക്കുന്നതു കൊണ്ട് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെങ്കിലും അവ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളൊന്നും ഇല്ല.

Tags: ,
Read more about:
EDITORS PICK