ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം

Pavithra Janardhanan June 7, 2021

വര്‍ഷം തോറും ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്. ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്.കോവിഡ് 19 പ്രതിസന്ധി കണക്കിലെടുക്കുമ്ബോള്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാന്യമര്‍ഹിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാര്‍ഷിക മേഖലകളില്‍ ആരോഗ്യകരമായ, ശുചിത്വപരമായ രീതികള്‍ വളര്‍ത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകള്‍ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

ലോക ഭക്ഷ്യ സുരക്ഷ ദിനത്തിന്റെ പൊതു അജണ്ടയാണ് ഭക്ഷ്യ സുരക്ഷ.ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കുക, ഭക്ഷണത്തിലൂടെ രോഗങ്ങള്‍ തടയുക,എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങള്‍ നല്‍കുക, പകര്‍ച്ചവ്യാധികള്‍ നന്നായി കൈകാര്യം ചെയ്യുന്നതിനും ഉള്‍ക്കൊള്ളുന്നതിനുമുള്ള പ്രോഗ്രാമുകള്‍ വികസിപ്പിക്കുകയും സ്പോണ്‍സര്‍ ചെയ്യുകയും ചെയ്യുക, മരണത്തെ തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

Read more about:
EDITORS PICK