അബുദാബിയില്‍ നിന്ന് സ്വപ്‌നങ്ങള്‍ ചിറകിലേറ്റി ബെക്‌സ് കൃഷ്‌ണന്‍ നാട്ടിലെത്തി

Pavithra Janardhanan June 9, 2021

വ്യവസായി എം എ യൂസഫലിയുടെ നിര്‍ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശൂര്‍ നടവരമ്ബ് സ്വദേശി ബെക്‌സ് കൃഷ്‌ണന്‍ ഇന്ന് പുലര്‍ച്ചെ 1.45 ന് കൊച്ചിയില്‍ വിമാനമിറങ്ങി.കൃഷ്‌ണനെ സ്വീകരിക്കാന്‍ മകന്‍ അദ്വൈത്, ഭാര്യ വീണ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.2012 സെപ്‌തംബര്‍ ഏഴിനായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്‌തിരുന്ന ബെക്‌സ് കൃഷ്‌ണൻ ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ കാറപകടം നടന്നത്.അപകടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെട്ടു, തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് കൃഷ്‌ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സി സി ടി വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്. ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്‌തമിച്ച്‌ നില്‍ക്കെയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ.യൂസഫലി ബെക്‌സ് കൃഷ്‌ണന് രക്ഷകനായി എത്തിയത്.

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം ദിയാധനമായി (blood money) 5 ലക്ഷം ദര്‍ഹം (ഒരു കോടി രൂപ) കുടുംബത്തിന് നല്‍കിയതോടെ ശിക്ഷ റദ്ദാക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോദ്ധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്‌ചകള്‍ക്കും ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്‍റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്‍റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. അതേസമയം വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ബെക്‌സ് കൃഷ്‌ണന് യൂസഫലി ജോലി വാഗ്ദ്ധാനം ചെയ്‌തിട്ടുണ്ട്.

Read more about:
EDITORS PICK