5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല, പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Pavithra Janardhanan June 10, 2021

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറലാണ് ചെറിയ കുട്ടികളെ മാസ്‌കിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി മാര്‍ഗരേഖ പുറത്തിറക്കിയത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് രോഗവും പ്രതിരോധവും സംബന്ധിച്ച വിശദ മാര്‍ഗ നിര്‍ദേശങ്ങളാണ് ഡയറക്ടറേറ്റ് പുറത്തിറക്കിയത്.അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ളവര്‍ മാതാപിതാക്കളുടെയും ഡോക്ടര്‍മാരുടെയും നിര്‍ദേശ പ്രകാരം മാത്രം മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, പൊതുനിബന്ധനകളായ കൈകഴുകല്‍, സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം.

18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിനും വിലക്കുണ്ട്. ഹൈ റസലൂഷന്‍ സി.ടി സ്‌കാനിങ് നിര്‍ബന്ധിത ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ.ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും ചെറുതായി മാത്രം ബാധയുള്ളതുമായ കൊവിഡ് രോഗികള്‍ക്ക് പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ മാത്രം നല്‍കിയാല്‍ മതി. ഹൈഡ്രോക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍, ഡോക്‌സിസൈക്ലിന്‍, സിന്‍ക്, മള്‍ട്ടിവിറ്റമിനുകള്‍ തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സി.ടി സ്‌കാന്‍ പോലുള്ള അനാവശ്യ പരിശോധനകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.കൊവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇടവിട്ട് പുതുക്കുന്ന ഡയറക്ടറേറ്റ് മൂന്നു ദിവസം മുമ്ബാണ് പുതിയവ പുറത്തിറക്കിയത്.

 

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 6148 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണക്കണക്ക് കൂടിയാണിത്.ബീഹാറിലെ കോവിഡ് മരണങ്ങളുടെ പുതുക്കിയ കണക്ക് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് പ്രതിദിന മരണക്കണക്കില്‍ വന്‍വ്യത്യാസം ഉണ്ടായത്.

Tags: ,
Read more about:
EDITORS PICK