കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്;പിടിയിലായ മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നു

Pavithra Janardhanan June 11, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിൽ പിടിയിലായ പ്രതി മാര്‍ട്ടിന്‍ ജോസഫുമായി പൊലീസ് ഇന്ന് തെളിവെടുക്കും. പീഡനം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലും മാര്‍ട്ടിന്‍ താമസിച്ച വിവിധയിടങ്ങളിലും തെളിവെടുക്കും. ഒളിവിലായിരുന്ന മാര്‍ട്ടിനെ ഇന്നലെ രാത്രിയാണ് തൃശ്ശൂര്‍ അയ്യന്‍കുന്നിലെ നിന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിച്ചു.മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. മാര്‍ട്ടിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്പെക്ടര്‍ എ.അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ.നിസാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാര്‍ട്ടിന്‍ പിടിയിലാകുന്നത്.

മൂന്നു കാറുകളാണ് മാര്‍ട്ടിന്‍ സഞ്ചരിക്കാനായി ഉപയോഗിച്ചത്. ഈ കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച്‌ കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ചു. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതും മാര്‍ട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവില്‍ ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ യുവതി ഇറങ്ങിയോടുകയായിരുന്നു.

അതേസമയം പ്രതി മാർട്ടിൻ കുറ്റം സമ്മതിച്ചു. മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസിനോട് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം മറച്ചുവച്ചെന്നും ഇയാള്‍ മൊഴി നല്‍കി.മാര്‍ട്ടിനെതിരെ കൊച്ചിയിലെ മറ്റൊരു യുവതികൂടി പരാതി നല്‍കിയിട്ടുണ്ട്. പ്ര​തി​യെ ഒ​ളി​പ്പി​ച്ച​വരെ നേരത്തെ തൃ​ശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. പു​ത്തൂ​ര്‍ സ്വ​ദേ​ശി ശ്രീ​രാ​ഗ് (27), പാ​വ​റ​ട്ടി സ്വ​ദേ​ശി ധ​നേ​ഷ് (29), മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍ ജോ​യ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read more about:
EDITORS PICK