മകന് ‘HTML’ എന്ന് പേരിട്ട് വെബ് ഡെവലപ്പ‍റായ പിതാവ്

Pavithra Janardhanan June 17, 2021

തന്റെ ആണ്‍കുഞ്ഞിന് ‘HTML’ (എച്ച്‌ടിഎംഎല്‍) എന്ന് പേരിട്ട വെബ് ഡെവലപ്പ‍റായ പിതാവാണു ഇന്റര്‍നെറ്റില്‍ ഇപ്പോൾ ച‍ര്‍ച്ചയായിരിക്കുന്നത്. കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഫിലിപ്പൈന്‍സില്‍ നിന്നുള്ള വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്.ബന്ധുവായ സിന്‍സിയേ‍ര്‍ലി പാസ്ക്വല്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. സാന്താ മരിയ സ്വദേശിയായ ഇവ‌‍ര്‍ കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയാണ്. പോസ്റ്റിലെ വിവരം അനുസരിച്ച്‌ ഈ മാസം ആദ്യമാണ് കുഞ്ഞ് ജനിച്ചത്. ‘ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്‌അപ്പ് ലാംഗ്വേജ് റായോ പാസ്ക്വല്‍’ (HTML) എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്ന് ദി ഇന്‍ക്വയര്‍.നെറ്റിന് (The Inquirer.net) നല്‍കിയ അഭിമുഖത്തില്‍ സിന്‍സിയേ‍ര്‍ലി പാസ്ക്വല്‍ പറഞ്ഞു. തന്റെ സഹോദരനും എച്ച്‌ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാര്‍ത്ഥ പേര് ‘മാക്രോണി 85’ എന്നും സഹോദരിയുടെ പേര് ‘സ്പെഗറ്റി 88’ എന്നും ആണെന്ന് സിന്‍സിയേ‍ര്‍ലി പറഞ്ഞു.

പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് കുഞ്ഞിന്റെ പേരിനെക്കുറിച്ച്‌ രണ്ട് അഭിപ്രായങ്ങളാണുള്ളത്. കോടീശ്വരനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക് തന്റെ കുഞ്ഞിന് നല്‍കിയ ‘X Æ A-Xii’ എന്ന പേരിനേക്കാള്‍ ഭേദമാണെന്ന് ചില‍‍ര്‍ അഭിപ്രായപ്പെട്ടു. സ്കൂളിലെത്തുമ്ബോള്‍ കുട്ടിയ്ക്ക് കളിയാക്കലുകള്‍ നേരിടേണ്ടി വരുമെന്ന് നിരവധി പേ‍ര്‍ കമന്റ് ചെയ്തു. എന്നാല്‍ എല്ലാ ആളുകള്‍ക്കും സാധാരണ പേരുകളെല്ലെന്ന് അംഗീകരിക്കാന്‍ മക്കളെ പഠിപ്പിക്കാനാണ് ഇത്തരം കമന്റുകള്‍ക്ക് മറുപടിയായി സിന്‍സിയേ‍ര്‍ലി പാസ്ക്വല്‍ പറഞ്ഞിരിക്കുന്നത്.

Read more about:
EDITORS PICK