മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലു പേരെ കൊന്നു, 19കാരന്‍ പിടിയില്‍

Pavithra Janardhanan June 19, 2021

മാതാപിതാക്കളെയും ഇളയ സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ 19കാരന്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആസിഫ് മുഹമ്മദ് എന്ന യുവാവാണ് പിടിയിലായത്.19കാരന്റെ മൂത്ത സഹോദരന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും പക്ഷേ രക്ഷപ്പെടുകയായിരുന്നെന്നും 21കാരനായ മൂത്ത സഹോദരന്‍ ആരിഫ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഫെബ്രുവരി 28ന് വെള്ളത്തില്‍ മുക്കിയാണ് മാതാപിതാക്കളെയും മുത്തശ്ശിയെയും സഹോദരിയെയും കൊലപ്പെടുത്തിയത്രെ. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ടു. ഭയം കാരണമാണ് ഇതുവരെ സംഭവം പുറത്തറിയിക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞു.സംഭവമറിഞ്ഞ് നാട്ടുകാരും അധികൃതരും ഞെട്ടിയിരിക്കുകയാണ്. പൊലീസ് രണ്ടുപേരെയും ചോദ്യം ചെയ്യുകയാണ്. മജിസ്‌ട്രേറ്റ് എത്തിയാലുടന്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാനാണ് തീരുമാനം. സംഭവത്തില്‍ പൊലീസ് ഔദ്യോഗികമായി പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. വീട്ടുകാരെ മൂന്ന്-നാല് മാസമായി പുറത്ത് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

Tags:
Read more about:
EDITORS PICK