വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം

Pavithra Janardhanan June 23, 2021

സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലം സ്വദേശി വിസ്മയ തൂങ്ങി മരിച്ച സംഭവത്തില്‍ വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇതിനോടകം നിരവധി താരങ്ങള്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ജയറാമും.

‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം കുറിച്ചിരിക്കുന്നത്. ഒപ്പം വിസ്മയയുടെ ചിത്രവും ജയറാം പങ്ക് വച്ചിട്ടുണ്ട്. ഇതേസമയം , വിസ്മയയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി മേല്‍നോട്ടം നിര്‍വ്വഹിക്കും. ഇന്ന് ഇവര്‍ കൊല്ലത്തെത്തും. മരിച്ച വിസ്മയയുടെ വീട്ടിലെത്തി ഐജി ബന്ധുക്കളെ കാണുകയും ചെയ്യും.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഗായിക സിതാര കൃഷ്‍ണകുമാര്‍. സഹിക്കൂ ക്ഷമിക്കൂ എന്നല്ല പെണ്‍കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിക്കേണ്ടതെന്ന് സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

സിതാര കൃഷ്‍ണകുമാറിന്‍റെ കുറിപ്പ്

“പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെണ്‍കുട്ടികളെ… കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യം!!”

ഭര്‍തൃ പീഡനത്തില്‍ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുറിപ്പ് പങ്കുവെച്ച്‌ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. മരിച്ചു പോയ സ്ത്രീകളോട് മാത്രമേ നമ്മുടെ സമൂഹത്തിന് കരുതല്‍ ഉള്ളുവെന്നും ജീവിച്ചിരിക്കുമ്ബോള്‍ ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നവര്‍ അഹങ്കാരികള്‍ എന്ന് മുദ്ര കുത്തപ്പെടും എന്നും ജൂഡ് പറയുന്നു.

‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റേടിയും ആണ്! അവള്‍ ഒറ്റക്കാണ്’, ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

Tags:
Read more about:
EDITORS PICK