വിസ്മയയുടെ വീട് സന്ദർശിച്ച് മുന്‍ മന്ത്രി കെ.കെ ശൈലജ

Pavithra Janardhanan June 23, 2021

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് മുന്‍ മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിച്ചു. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. ഇത് ഒരു കുടുംബത്തില്‍ മാത്രമുണ്ടാകുന്ന സംഭവമല്ല.സ്ത്രീധന നിയമം ഉണ്ടായിട്ടും ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണം സ്വര്‍ണത്തോടും പണത്തോടുമുള്ള ഒരു വിഭാഗത്തിന്റെ ആര്‍ത്തിയാണെന്നും കെ.കെ ശൈലജ പറഞ്ഞു. കേരളത്തിലെ ഓരോ വ്യക്തിയും സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണത്തില്‍ പങ്കെടുക്കണം. സര്‍ക്കാര്‍ നിരവധി പദ്ധതി കൊണ്ട് വരുന്നുണ്ട്. എന്നാല്‍ ജനങളുടെ പൂര്‍ണ്ണ സഹകരണത്തോടെ മാത്രമേ അത്തരത്തില്‍ ഉള്ള പദ്ധതികള്‍ വിജയം കാണുകയുളൂവെന്നും മുന്‍ മന്ത്രി പറഞ്ഞു.

അതേസമയം കിരണ്‍ വിസ്മയയെ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. ജനുവരിയിലാണ് വിസ്മയയെ വീട്ടില്‍വച്ച്‌ കിരണ്‍ മര്‍ദിച്ചത്.കേസ് അന്ന് ഒത്തു തീര്‍പ്പാക്കിയത് കിരണിന്റെ അച്ഛനും സഹപ്രവര്‍ത്തകനും ഭാര്യാ സഹോദരനും ഇടപെട്ടാണ്. ഇനി ഇത്തരത്തില്‍ ഉണ്ടാകില്ലെന്ന് കിരണില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും വിസ്മയയുടെ കുടുംബം ആരോപിച്ചു.അതേസമയം വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുടുംബം തൃപ്തി പ്രകടിപ്പിച്ചു.

Read more about:
EDITORS PICK