കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷൻ, മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്നറിയിപ്പ്

Pavithra Janardhanan June 23, 2021

കഴിഞ്ഞ ദിവസമാണ് അമ്മയുടെ ഫോണില്‍ നിന്ന് ഗെയിം കളിച്ച്‌ ഒമ്ബതാംക്ലാസുകാരന്‍ 3 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തു വന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഓണ്‍ലൈന്‍ ഗെയിം: അഡിക്ഷനിലൂടെ അപകടത്തിലേക്ക് നമ്മുടെ കുട്ടികളെ രക്ഷിക്കണം
ലോക്ഡൗണ്‍ കാലത്ത് പഠനം വീടുകള്‍ക്കുള്ളില്‍ ആയപ്പോ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാര്‍ട്ട് ഫോണുകള്‍.

ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്ഷന്‍, സ്‌ക്രീന്‍ അഡിക്ഷന്‍ ഡിസോര്‍ഡറുകള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് മാത്രമല്ല, കുട്ടികളുടെ ഭവിക്കും വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ്.

ഗെയിമുകള്‍ക്ക് അടിപ്പെട്ട് പണം നഷ്ടപ്പെട്ട, മാനസികപ്രശ്‌നങ്ങളുണ്ടായ, പഠനത്തില്‍ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും അതോര്‍ത്തു വിഷമിപ്പിക്കുന്ന മാതാപിതാക്കളും. വെറുതെ നേരമ്ബോക്കിനാവും ആദ്യം ഗെയിം കളിച്ചു തുടങ്ങുക.

പിന്നെ പണംവച്ചു കളിക്കും. ഒടുവില്‍ കരകയറാനാവാത്ത വിധം അഡിക്ഷനിലേക്ക് കുട്ടികള്‍ വഴുതി വീഴുന്നു. ഗെയിമുകളില്‍ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാല്‍ കുട്ടികളില്‍ അക്രമവാസനയുണ്ടാക്കാന്‍ ഇവ ഇടയാക്കുന്നു. കുട്ടികളുടെ മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷന്‍ കാരണമാകുന്നു.

കുട്ടികളുടെ ചിന്തകളെ ഇവ സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളില്‍ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികള്‍ വിഷാദത്തിലേക്ക് വഴുതിവീഴുന്നു.

ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നതെങ്ങനെ?

 • ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാന്‍ തുടങ്ങുക.
 • ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.
 • കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.
 • ഗെയിം നിര്‍ത്താന്‍ മറ്റാരെങ്കിലും ആവശ്യപ്പെടുമ്ബോള്‍ ദേഷ്യം തോന്നുക.
 • മുന്‍പുണ്ടായിരുന്ന ഹോബികളില്‍ പോലും മനംമടുപ്പ്.
 • മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.
 • എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്ബോഴോ കൂട്ടുകാരുമായി വഴക്കിടുമ്ബോഴോ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ഗെയിം തിരഞ്ഞെടുക്കുക

മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • മാതാപിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കുക.
 • സേര്‍ച്ച്‌ ഹിസ്റ്ററി പരിശോധിക്കുക.
 • കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക..
 • അവരോടൊപ്പം കളിക്കാന്‍ സമയം കണ്ടെത്തുക..
 • ക്ലാസ് സമയം എപ്പോഴാണെന്നു കൃത്യമായി മനസ്സിലാക്കുക. അല്ലാത്ത സമയം ഫോണ്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.
 • കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കയറുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ മാതാപിതാക്കളെ അറിയിക്കുക.
 • കഴിയുന്നതും അവരെ ഗെയിമുകളില്‍ നിന്നും പിന്തിരിപ്പിക്കുക.അഥവാ ഗെയിം കളിക്കണം എന്നുണ്ടെങ്കില്‍ എപ്പോള്‍ ഗെയിം കളിക്കണമെന്നു കൃത്യമായി തീരുമാനിക്കുക.
 • കൃത്യമായ സമയപരിധി നിശ്ചയിക്കുക.
 • മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറച്ച്‌ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സമയം കണ്ടെത്തുക.
 • ആവശ്യമെങ്കില്‍ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായം തേടുക

കുട്ടികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെല്‍പ്‌ലൈനിലേക്ക് വിളിക്കാം : 9497900200. ഇത്തരം പ്രശ്‌നങ്ങളുമായി വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്താകെ നിരവധി സൈക്കോളജിസ്റ്റുകളുംകൗണ്‍സലര്‍മാരും സൈക്യാട്രിസ്റ്റുകളും എല്‍ഡര്‍ മെന്റര്‍മാരും പിയര്‍ മെന്റര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്.

Read more about:
EDITORS PICK