10.8 സെന്റീമീറ്റര്‍ നീളമുള്ള നാവ്, റെക്കോര്‍ഡ് സൃഷ്ടിച്ച് തമിഴ് യുവാവ്

Pavithra Janardhanan June 23, 2021

‘ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവുമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി തമിഴ് യുവാവ്. ഒരു ശരാശരി പുരുഷന്റെ നാവിന്റെ നീളം 8.5 സെന്റീമീറ്റര്‍ ആയിരിക്കും. എന്നാല്‍, തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ തിരുതങ്കള്‍ സ്വദേശിയായ കെ പ്രവീണ്‍ 10.8 സെന്റീമീറ്റര്‍ നീളമുള്ള നാവുമായാണ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.ബി ഇ റോബോട്ടിക്‌സ് വിദ്യാര്‍ത്ഥിയായ പ്രവീണിന് നാവ് ഉപയോഗിച്ച്‌ പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങള്‍ വരയ്ക്കാനും തമിഴ് അക്ഷരങ്ങള്‍ എഴുതാനും കഴിയും. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ കൂടി ഇടം നേടാനുള്ള ശ്രമത്തിലാണ് പ്രവീണ്‍ ഇപ്പോള്‍.ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്തരായ വ്യക്തികളുടെ ചിത്രം പ്രവീണ്‍ നാവ് ഉപയോഗിച്ച്‌ വരച്ചിട്ടുണ്ട്. അതിമനോഹരമായി പെയിന്റ് ചെയ്യുന്നതോടൊപ്പം നിരവധി തവണ നാവ് മൂക്കില്‍ മുട്ടിച്ചും കൈമുട്ടില്‍ നാക്കെത്തിച്ചുമുള്ള പ്രകടനങ്ങളും പ്രവീണ്‍ കാഴ്ച വെയ്ക്കാറുണ്ട്.

പുരുഷന്മാരില്‍ നാവിന്റെ ശരാശരി നീളം 8.5 സെന്റീമീറ്ററും സ്ത്രീകളില്‍ അത് 7.9 സെന്റീമീറ്ററുമാണ്. നിലവില്‍ ഗിന്നസ് റെക്കോര്‍ഡ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും നീളമുള്ള നാവിന്റെ നീളം 10.1 സെന്റീമീറ്ററാണ്. പ്രവീണിന്റെ നാവിന്റെ നീളമാകട്ടെ 10.8 സെന്റീമീറ്ററും. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രകാരം, ഒരു മിനിറ്റിനുള്ളില്‍ 110 തവണ നാവ് കൊണ്ട് മൂക്കില്‍ തൊടാനും 142 തവണ നാവ് കൊണ്ട് കൈമുട്ടില്‍ തൊടാനും നാവ് ഉപയോഗിച്ച്‌ ഒരു മണിക്കൂറും 22 മിനിറ്റും 26 സെക്കന്റും സമയമെടുത്ത് തമിഴിലെ 247 അക്ഷരങ്ങളും എഴുതാനും പ്രവീണിന് കഴിയും. ഒരു മിനിറ്റിനുള്ളില്‍ നാവ് കൊണ്ട് 219 തവണ മൂക്കില്‍ തൊട്ട് സ്വന്തം റെക്കോര്‍ഡ് തന്നെ ഭേദിച്ചുകൊണ്ട് പ്രവീണ്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടവും നേടിയിട്ടുണ്ട്.തന്റെ നേട്ടങ്ങളെല്ലാം ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും ഇനി അത് ലോകത്തിന് മുന്നില്‍ കാഴ്ച വെയ്‌ക്കേണ്ടതുണ്ട്. അതിനു തമിഴ്നാട് സര്‍ക്കാര്‍ വേണ്ട സഹായം നല്‍കിയാല്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും പ്രവീൺ പറയുന്നു. തമിഴ് ഭാഷയോടുള്ള സ്നേഹം കാരണം ഇനിയുള്ള ദിവസങ്ങളില്‍ നാവ് കൊണ്ട് തിരുക്കുറളിലെ 1330 കുറളുകളും എഴുതാനാണ് ശ്രമം എന്നും ഒരു ദേശിയ മാധ്യമത്തോട് പ്രവീൺ പ്രതികരിച്ചു.

Read more about:
EDITORS PICK