ആനി ശിവയ്ക്ക് സ്ഥലംമാറ്റം, നടപടി ആനിയുടെ അപേക്ഷ പരിഗണിച്ച്‌

Pavithra Janardhanan June 28, 2021

കഠിനപ്രയത്നത്തിലൂടെ ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് സ്വപ്നം യാഥാര്‍ഥ്യമാക്കിയ ആനി ശിവയായിരുന്നു ഇന്ന് സോഷ്യൽ മീഡിയയിൽ താരമായത്.. ഒരുകാലത്ത് തെരുവില്‍ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റു നടന്ന ആനി ശിവ ഇന്ന് വര്‍ക്കലയില്‍ സബ് ഇന്‍സ്പെക്ടറാണ്. നടന്‍ മോഹന്‍ലാല്‍, മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ആനി ശിവയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. പ്രമുഖരുടെ ഉള്‍പ്പടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ താരമായ ദിവസം തന്നെ ആനി ശിവയ്ക്ക് വര്‍ക്കലയില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ആനിയുടെ സ്ഥലംമാറ്റം. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വര്‍ക്കലയില്‍ നിന്നും എറണാകുളത്തേക്ക് ആനിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയത്.ഭര്‍ത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കു‍ഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്നു. അവിടെ നിന്നും ജീവിതം തിരികെ പിടിച്ച്‌ പൊലീസ് കുപ്പായത്തിലെത്തിയ പോരാട്ട കഥയാണ് വര്‍ക്കല പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആനി ശിവയുടെത്.

2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.”എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു”. സ്വന്തം ജീവിതത്തെക്കുറിച്ച്‌ ആനി ശിവ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

Read more about:
EDITORS PICK