അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി

Pavithra Janardhanan June 30, 2021

അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവിഎ ഡി ജി പി പദവിയില്‍ നിന്നും നേരിട്ട് പോലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1988 ബാച്ചിലെ ഐ പി എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാ കേഡറില്‍ എ എസ് പി ആയി വയനാട്ടില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങിയെത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പി ആയും പ്രവര്‍ത്തിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി ഐ ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ ജി ആയും പ്രവൃത്തിച്ചു. ഇടക്കാലത്ത് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എ ഡി ജി പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ ഡി ജി പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത് സോണ്‍, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ എ ഡി ജി പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ അനില്‍കാന്തിന് ലഭിച്ചിട്ടുണ്ട്.

Tags:
Read more about:
EDITORS PICK